അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള;സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം;സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

By :  Devina Das
Update: 2026-07-04 05:23 GMT

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരിൽ അഞ്ചാളുകൾ പണം എണ്ണുന്നതിനിടയിൽ വസ്ത്രത്തിലും സോക്‌സിലും ഒളിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ. ഇതോടെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജീവനക്കാർക്ക് കീശകളില്ലാത്ത പ്രത്യേക യൂണിഫോം നിർബന്ധമാക്കി. കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. രാമക്ഷേത്രത്തിന് 200 മീറ്റർ അകലെയുള്ള സംഭാവന എണ്ണൽ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് പണം മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.

ആരും ശ്രദ്ധിക്കാത്ത സമയത്ത് ചിലർ നോട്ടുകെട്ടുകൾ വസ്ത്രത്തിൽ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ പൊലീസ് പണം പിടിച്ചെടുത്തിരുന്നു.180 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ 45 ദിവസത്തെ സിസിടിവി മാത്രമാണ് ഉണ്ടായിരുന്നത്.

എത്രകാലമായി മോഷണം നടക്കുന്നു എന്നത് കണ്ടെത്താനായില്ല. ട്രസ്റ്റിന്റെ അഞ്ചുവർഷത്തെ അക്കൗണ്ടുകൾ പ്രത്യേക അന്വേഷണ സംഘം വീണ്ടും ഓഡിറ്റ് ചെയ്യും.ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട ചെലവുകളും സംഭാവനകളായി ലഭിച്ച സ്വർണവും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും പരിശോധിക്കും. അതിനിടെ, പ്രതികളിൽ ഒരാളായ അവിനാശ് ശുക്ലയെ അയോധ്യയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഓഫീസിൽ ചോദ്യം ചെയ്തു. സംഭാവ കൊള്ളയിൽ ആർഎസ്എസ് ദുഃഖവും രോഷവും പ്രകടിപ്പിച്ചു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെല്ലാം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആർഎസ്എസ് വ്യക്തമാക്കി.

Similar News