അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് ;ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം,അന്വേഷണം
ഡെറാഡൂൺ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കോലായിൽ അന്വേഷണം നടക്കുന്നതിനിടെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും ഇതേരീതിയിൽ ആരോപണം. പ്രചരിക്കുന്ന ആരോപണങ്ങളിൽ ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയതായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി (ബികെടിസി) ചെയർമാൻ ഹേമന്ത് ദ്വിവേദി പ്രസ്താവനയിൽ അറിയിച്ചു. വിഷയത്തിൽ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണത്തിന് സമിതി രൂപീകരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.ബദരിനാഥ് ക്ഷേത്രത്തിന് ലഭിച്ച വഴിപാടുകളും സംഭാവനകളിലും തിരിമറി നടന്നതായാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശനവും നടപടി സ്വീകരിക്കുമെന്നും ഹേമന്ത് ദ്വിവേദി പറഞ്ഞു. അതേസമയം ബികെടിസി ജീവനക്കാരൻ തന്റെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. ജീവനക്കാരൻ തന്റെ പേഴ്‌സണൽ സെക്രട്ടറിയല്ലെന്നും പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ, 1939 ലെ ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ആക്ട്, പ്രകാരം വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സാഹചര്യതെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ബന്ധപ്പെട്ട കക്ഷികളിൽ നിന്നുള്ള മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബികെടിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗദ് വ്യക്തമാക്കി.