എൽ ഡി എഫ് സർക്കാർ കോടികളുടെ കുശിശിക വരുത്തിവെച്ചു;ആരോഗ്യവകുപ്പ് കടുത്ത പ്രതിസന്ധിയിൽ
കല്പറ്റ: മുൻ എൽഡിഎഫ് സർക്കാർ വൻ തുകയുടെ കുടിശ്ശികകൾ വരുത്തിവെച്ചെന്നും ഇത് കാരണം സംസ്ഥാന ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് വിതരണക്കാർക്കും സർജിക്കൽ ഉപകരണങ്ങൾ നൽകിയ കമ്പനികൾക്കും കോടികളാണ് മുൻ സർക്കാർ നൽകാതെ പോയത്. എന്നാൽ ഈ പ്രതിസന്ധികളൊന്നും ജനങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങളെ ബാധിക്കാത്ത രീതിയിലാണ് മന്ത്രാലയം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ ആശുപത്രികളിൽ വാക്സിൻ ക്ഷാമമുണ്ടെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എവിടെയെങ്കിലും പരാതി ഉയർന്നാൽ ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് മുൻ സർക്കാർ കാണിച്ച വലിയ അനാസ്ഥയും മന്ത്രി തുറന്നുകാട്ടി. മെഡിക്കൽ കോളേജ് വിപുലീകരണത്തിനായി മുൻ സർക്കാർ കണ്ടെത്തിയ ഭൂമി റിസർവ് വനമേഖലയിൽഉൾപ്പെടുന്നതാണെന്ന് മന്ത്രി വെളിപ്പെടുത്തി.വനഭൂമി ആയതിനാൽ അവിടെ ഒരു ചെടി പോലും വെട്ടിമാറ്റാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകില്ല. കേന്ദ്രത്തിന് കത്തയച്ചത് കൊണ്ട് മാത്രം ഈ പ്രശ്നം തീരില്ല.
ഈ ഭൂമിയിലെ പ്രതിസന്ധി പരിഹരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ വരും വർഷത്തിൽ മെഡിക്കൽ കോളേജിന്റെ നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകാരം തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്താനാണ് സർക്കാരിന് താല്പര്യം. അതേസമയം, മെഡിക്കൽ സൗകര്യങ്ങൾക്കായി ഒരു കുടുംബം വിട്ടുനൽകിയ 50 ഏക്കറോളം ഭൂമി കല്പറ്റയിലുണ്ട്. മാനന്തവാടിയിലെ ഭൂലഭ്യത പൂർണ്ണമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ. മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തുടർന്നാൽ കല്പറ്റയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും, അല്ലാത്തപക്ഷം തിരിച്ചും ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രിയുമായും വയനാട് എം.പി പ്രിയങ്ക ഗാന്ധി വദ്രയുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടരുതെന്നാണ് എല്ലാവരുടെയും നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.