തിരുവനന്തപുരം കോർപ്പറേഷനിലെ സംഘര്‍ഷം: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

By :  Devina Das
Update: 2026-06-30 04:49 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കോർപറേഷൻ ഓഫീസിലെ കൗൺസിൽ ഹാളിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ തമ്മിലടിയിൽ നാല് ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുഡിഎഫ് വനിതാ കൗൺസിലർമാരായ ഷേർലി. എസ്, അനിത അലക്‌സ് എന്നിവരുടെ പരാതിയിലാണ് നടപടി.2026 ജൂൺ 29-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വെച്ചായിരുന്നു സംഭവം. കൗൺസിൽ യോഗത്തിന്റെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടാൻ തുടങ്ങിയ പരാതിക്കാരിയായ ഷേർലിയെയും മറ്റ് വനിതാ കൗൺസിലർമാരെയും പ്രതികൾ തടഞ്ഞുവെക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.ഒന്നാം പ്രതിയായ ചെമ്പഴന്തി ഉദയൻ പരാതിക്കാരിയായ ഷേർലിയെയും അനിത അലക്‌സിനെയും മറ്റ് കൗൺസിലർമാരെയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ഷേർലിയുടെ കഴുത്തിനു പുറകിൽ ഇയാൾ ബലമായി അടിച്ച് വേദനിപ്പിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് പരിക്കുകളോടെ യുഡിഎഫ് കൗൺസിലർ ഷേർലിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷേർലിയിൽ നിന്നും മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Similar News