പശ്ചിമേഷ്യൻ സംഘർഷത്തിന് അന്ത്യം ; യുഎസ്- ഇറാന് സമാധാനക്കരാര്‍ പ്രാബല്യത്തില്‍;ഹോര്‍മുസ് തുറന്നു
വാഷിങ്ടൺ/ ടെഹ്റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളോളം നീണ്ട്നിന്ന സംഘർഷത്തിന് അന്ത്യം . യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കരാറിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാർ പ്രാബല്യത്തിൽ വന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കുനീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കും കരാറിന്റെ ഭാഗമായി തുറന്നു നൽകുന്നതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകും. ട്രംപ് കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുറത്തുവിട്ടു.ഫ്രഞ്ച് പ്രസിഡന്റിന്റെ വേഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചതെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കരാർ ഒപ്പുവച്ച വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും സ്ഥിരീകരിച്ചു. ഇറാൻ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇറാനികളെ ബുദ്ധിശാലികളെന്നും ട്രംപ് വിശേഷിപ്പിച്ചു.
കരാറിന്റെ അന്തിമരൂപത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഒപ്പുവച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി. ഇത് എത്രത്തോളം കൃത്യമായി നടപ്പിലാകുമെന്ന് പരിശോധിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ജനീവയിൽ നിശ്ചയിച്ചിരുന്ന ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മാറ്റമില്ല. കരാർ ഒപ്പുവച്ചതോടെ അടുത്ത 60 ദിവസത്തിനുള്ളിൽ അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ പൂർത്തിയാക്കും.
കരാറിലെ പ്രധാന വ്യവസ്ഥകൾ
60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം.
ഇറാനിലേർപ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുൻപ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകൾക്ക് അനുമതി നൽകും.
ഹോർമുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ നൽകേണ്ട. പിന്നീട് ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഹോർമുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാനെത്തണം.
ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്.
ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും.
ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേൽനോട്ടത്തിൽ മാറ്റും.