ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലൈ പതിനഞ്ച് മുതൽ പ്രാബല്യത്തിൽ
ദില്ലി :ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റീല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ പരിഹരിച്ചതിനുശേഷമാണ് 11 മാസം മുമ്പ് ഒപ്പുവെച്ച കരാര്‍ നടപ്പിലാകുന്നത്. ഇതോടുകൂടി ഇന്ത്യയുടെ കയറ്റുമതികളില്‍ 99% വരെ യുകെയിലേക്ക് തീരുവയില്ലാതെ കയറ്റി അയ്ക്കാനാവും.
പ്രോസസ്ഡ് ഫുഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 70% വരെ ഉണ്ടായിരുന്ന തീരുവ പൂജ്യമായി കുറയുമെന്നത് ഇന്ത്യക്ക് ലഭിക്കുന്ന പ്രധാന നേട്ടമാണ്. സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് 21.5%, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ക്കും ഓട്ടോ ഘടകങ്ങള്‍ക്കും 18%, തുകല്‍-പാദരക്ഷാ ഉല്‍പ്പന്നങ്ങള്‍ക്ക് 16%, വസ്ത്രങ്ങള്‍ക്കും ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 12%, രാസവസ്തുക്കള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 8% എന്നിങ്ങനെ ഉണ്ടായിരുന്ന തീരുവകള്‍ പൂജ്യത്തിലേക്ക് മാറും.ഇന്ത്യയിലെയും യുകെയിലെയും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇരുരാജ്യങ്ങളിലും സാമൂഹ്യസുരക്ഷാ സംഭാവനകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍ കരാറും ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 75,000ത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും 900ലധികം കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.