മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ;ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നുംആറ് എംപിമാർ വിട്ടുനിന്നു
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് . പാർട്ടിയിലെ ആകെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറ് പേരും വ്യാഴാഴ്ച ചേർന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും കൂട്ടത്തോടെ വിട്ടുനിന്നു. ഇവർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിൽ ചേരാൻ ഒരുങ്ങിക്കഴിഞ്ഞു . അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് ലോക്സഭാ എംപിമാരും രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും മാത്രമാണ് ഉദ്ധവ് പക്ഷത്തിന്റെ യോഗത്തിൽ പങ്കെടുത്തത്.
ബാക്കിയുള്ള ആറ് എംപിമാരായ നാഗേഷ് അഷ്ടിക്കർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിനാ പാട്ടീൽ, ഓംപ്രകാശ് രാജെനിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ എന്നിവരുടെ അസാന്നിധ്യമാണ് പാർട്ടിയിലെ പുതിയ പിളർപ്പ് മറനീക്കി പുറത്തുവരുന്നതിൽ കലാശിച്ചചത്. ഈ ആറ് എംപിമാരും ഒപ്പുവെച്ച കത്ത് ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് എംപിമാരെ നേരിൽ കണ്ട് ഒപ്പുകൾ ഒത്തുനോക്കാനുള്ള പരിശോധനകളിലാണ് നിലവിൽ സ്പീക്കറുടെ ഓഫീസ്.