ആഗോള പ്രതിരോധ നിര്‍മാണ മേഖലയിൽ മുഖ്യ ശക്തിയായി ഇന്ത്യ

By :  Devina Das
Update: 2026-06-18 08:24 GMT

ന്യൂഡൽഹി: ആഗോള പ്രതിരോധ നിർമാണ മേഖലയിലെ പ്രധാന ശക്തിയായി മാറി ഇന്ത്യ . 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 38,424 കോടി രൂപയിലെത്തി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് .

മുൻ സാമ്പത്തിക വർഷത്തെ 23,622 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 62.66 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ 14,802 കോടി രൂപയുടെ അധിക കയറ്റുമതി നേടിയത് ഇന്ത്യയുടെ പ്രതിരോധ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക വളർച്ചയായി മാറിയിരിക്കുകയാണ്.ഇന്ത്യൻ നിർമിത ആയുധ സംവിധാനങ്ങൾക്കും സൈനിക സാങ്കേതികവിദ്യകൾക്കും ആഗോള വിപണിയിൽ ലഭിച്ചുവരുന്ന സ്വീകാര്യതയുടെ പ്രതിഫലനമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിരോധ ഉൽപ്പാദനവും റെക്കോർഡ് നേട്ടത്തിലെത്തിയിരിക്കുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ പ്രതിരോധ ഉൽപ്പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു.

കയറ്റുമതിയിൽ പൊതുമേഖലയും സ്വകാര്യ മേഖലയും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSU) മൊത്തം കയറ്റുമതിയുടെ 54.84 ശതമാനവും സ്വകാര്യ മേഖല 45.16 ശതമാനവും സംഭാവന ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി ഒരു വർഷത്തിനിടെ 151 ശതമാനം ഉയർന്നപ്പോൾ സ്വകാര്യ മേഖലയുടെ വളർച്ച 14 ശതമാനമായിരുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഒരുപോലെ വലിയ പങ്ക് വഹിക്കാൻ കഴിയുന്നുവെന്നതിന്റെ തെളിവായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

പ്രതിരോധ മേഖലയിൽ നടക്കുന്ന മാറ്റം കയറ്റുമതി കണക്കുകളേക്കാൾ വലുതാമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. ആധുനിക യുദ്ധങ്ങൾ അതിവേഗവും സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതുമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആർമറി സ്ഥാപകനായ അമർദീപ് സിങ് പറഞ്ഞു. ഡ്രോണുകൾ, സൈബർ സംവിധാനങ്ങൾ, കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയ നിരീക്ഷണ സംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, ആളില്ലാത്ത സൈനിക സംവിധാനങ്ങൾ എന്നിവയാണ് യുദ്ധങ്ങളുടെ ഭാവിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Similar News