സ്ലീപ്പര്‍ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിത്തത്തിൽ 7 മരണം, 22 പേര്‍ക്ക് പരിക്ക്

By :  Devina Das
Update: 2026-07-01 06:48 GMT

ന്യൂഡൽഹി: രാജസ്ഥാനിൽ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴ് പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പുലർച്ചെ 2:30 ഓടെയാണ് സംഭവം. ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ആദ്യം ട്രെയിലറുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു.ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, മുകളിലത്തെ ബർത്തുകളിലുണ്ടായിരുന്ന യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. മരിച്ച യാത്രക്കാരിൽ ഭൂരിഭാഗവും അപകടസമയത്ത് ഉറക്കത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീ അണയ്ക്കാനും ആളുകളെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങളിലാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ചികിത്സയ്ക്കായി ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസിന്റെ അമിതവേഗതയും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് കരുതുന്നു.

രക്ഷാപ്രവർത്തകരും ഫയർഫോഴ്സും അപകടസ്ഥലത്ത് വൈകിയാണ് എത്തിയതെന്നും ഇത് മരണസംഖ്യ ഉയരാൻ കാരണമായെന്നും നാട്ടുകാർ ആരോപിച്ചു. അവരുടെ അഭിപ്രായത്തിൽ, തീപിടിത്തമുണ്ടായി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനായത്.

ബസിന്റെ സ്റ്റോറേജ് കമ്പാർട്ട്മെന്റിൽ സിഗരറ്റ് പാക്കറ്റുകൾ നിറച്ചിരുന്നതായും ഇതാണ് തീ അതിവേഗം പടരാൻ കാരണമായതെന്നും നാട്ടുകാർ അവകാശപ്പെടുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനും പരിക്കേറ്റവരെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ തുടങ്ങി.

Similar News