സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒരുമണിക്കൂര്‍ മുമ്പ് ഉപയോക്താക്കളെ അറിയിക്കണം;റഗുലേറ്ററി കമ്മീഷന്‍

By :  Devina Das
Update: 2026-06-30 07:54 GMT

തിരുവനന്തപുരം: സംസ്ഥാനത്ത്  വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾഒരു മണിക്കൂർ  മുൻപെങ്കിലും ഉപയോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ. വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന വിവരം എസ്എംഎസ്, പത്രം, ടിവി, സമൂഹമാധ്യമം എന്നിവ മുഖേന ഉപയോക്താക്കളെ അറിയിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോൾ വേണമെന്നും കമ്മീഷൻ വ്യക്തമാക്കി .

ഈ വർഷം സെപ്റ്റംബർ ഒഴികെ, ഡിസംബർ വരെയുള്ള മാസങ്ങളിലെ പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് ഹ്രസ്വകാല വിപണിയിൽനിന്നു വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറുകൾക്ക് റഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി.ഈ വർഷം വൈദ്യുതി വാങ്ങാൻ കമ്മീഷൻ അനുവദിച്ചതിന്റെ ഇരട്ടിയാണ് വില. ആകെ 30.832 കോടി യൂണിറ്റ് വൈദ്യുതി, യൂണിറ്റിന് 9.16 രൂപയ്ക്കു വാങ്ങുന്നതിലൂടെ കെഎസ്ഇബിക്ക് ഉണ്ടാകുന്ന 282.5 കോടി രൂപയുടെ ബാധ്യത ആത്യന്തികമായി ഉപയോക്താക്കൾക്കാകുമെന്നു കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കരാറുകൾ സുതാര്യമല്ല, വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ആസൂത്രണമില്ല തുടങ്ങിയ വിമർശനങ്ങളും ഉന്നയിച്ചു. 2026-27 ൽ യൂണിറ്റിന് 4.64 രൂപയാണ് കമ്മീഷൻ അനുവദിച്ച ശരാശരി വൈദ്യുതി വാങ്ങൽ ചെലവ്. ജൂലൈയിൽ യൂണിറ്റിന് 9.99 രൂപ(300 മെഗാവാട്ട്), ഓഗസ്റ്റിൽ 9.93 (400 മെഗാവാട്ട്), ഒക്ടോബർ മുതൽ ഡിസംബർ വരെ 8.89 രൂപ (500 മെഗാവാട്ട് വീതം നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്.

Similar News