റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ ചികിത്സാ സഹായം;പി എം റാഹത്ത്' പദ്ധതി കേരളത്തില്‍ നടപ്പാക്കും

By :  Devina Das
Update: 2026-07-01 05:38 GMT

തിരുവനന്തപുരം :വാഹനാപകടങ്ങളിൽപെടുന്നവർക്ക് വളരെ വേഗത്തിൽ പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 'പി എം റാഹത്ത്' പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളിൽ ഏഴു ദിവസം വരെ ചികിത്സ ലഭ്യമാകും.ഒന്നര ലക്ഷം രൂപയുടെ സഹായം പര്യാപ്തമല്ലെന്നും തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് സ്ഥിരീകരിച്ച് പൊലീസും ആശുപത്രി അധികൃതരും റിപ്പോർട്ട് നൽകിയാൽ തുക ലഭ്യമാക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർവഹിക്കുമെന്ന് മന്ത്രി സി പി ജോൺ നിയമസഭയെ അറിയിച്ചു.

ഉപാധികളൊന്നുമില്ലാതെയാണ് കേന്ദ്രം ചികിത്സാ സഹായം ലഭ്യമാക്കുക. 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് കെഎസ്ആർടിസിയിൽ യാത്രാ ഇളവിന് പാസ് ലഭിക്കാനുള്ള വാർഷിക വരുമാന പരിധി 50,000 രൂപയായി ഉയർത്തും. നിലവിൽ ഇത് 20,000 രൂപയാണ്. കെഎസ്ആർടിസി ബസ് ഇടിച്ചു പരിക്കേൽക്കുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ ലഭ്യമാക്കും. സംസ്ഥാനത്ത് പ്രതിവർഷം നാലായിരത്തിലേറെ പേരാണ് വാഹനാപകടങ്ങളിൽ മരിക്കുന്നത്. ഇത് ആയിരമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി സിപി ജോൺ വ്യക്തമാക്കി.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സംസ്ഥാന തല യജ്ഞത്തിന് സർക്കാർ തുടക്കമിടും. വേമ്പനാട് കായലിൽ സൺസെറ്റ് ക്രൂസ് നടപ്പാക്കും. തിരുവനന്തപുരത്ത് വേളിയിൽ നിന്നും അഞ്ചുതെങ്ങിലേക്ക് ബോട്ട് സർവീസ് ആരംഭിക്കും. കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവ ബന്ധിപ്പിച്ച് ചരക്ക് ജലഗതാഗത പാത ആലോചനയിലുണ്ട്. വായു മലിനീകരണം കുറയ്ക്കാൻ ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്നത് പരിഗണിക്കുമെന്നും ഗതാഗതമന്ത്രി സിപി ജോൺ അറിയിച്ചു.

Similar News