കെഎസ്ആര്‍ടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ;ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

By :  Devina Das
Update: 2026-07-01 06:57 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. മരണാനന്തര ചടങ്ങുകൾക്ക് ഉപകാരപ്പെടാനാണ് തുക.

നിലവിൽ കെഎസ്ആർടിസി ബസിടിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക കിട്ടാനായി വലിയ കാലതാമസമെടുക്കുന്നുണ്ടെന്ന് മന്ത്രി സഭയിൽ പറഞ്ഞു. 'കെഎസ്ആർടിസി ബസിടിച്ച് മരിക്കുന്നയാളുകൾക്ക് MACT തുക കിട്ടാൻ വർഷങ്ങൾ കഴിയും. പലയാളുകളും വളരെ പാവപ്പെട്ടവരാണ്. അവരുടെ മരണാനന്തര ചടങ്ങുകൾക്ക് പോലും ഒന്നും കൊടുക്കാൻ ഇപ്പോൾ വകുപ്പില്ല,' മന്ത്രി പറഞ്ഞു.

10,000 രൂപയെങ്കിലും ആശ്വാസ ധനം കൊടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ജോൺ പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. ചൊവ്വാഴ്ച്ച സഭയിൽ നടന്ന ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.വാഹനാപകടത്തിൽ പെടുന്നവർക്കുള്ള കേന്ദ്ര സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതി 'പിഎം-റാഹത്' (PM RAHAT - Road Accident Victim Hospitalisation and Assured Treatment Scheme) സംസ്ഥാനത്ത് അടുത്തുതന്നെ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പദ്ധതിയുടെ ഉത്ഘാടനം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടത്തും.

റോഡപകടത്തിൽപ്പെടുന്നവർക്ക് 1.50 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ കിട്ടുന്ന പദ്ധതിയാണിത്. ആളുകളുടെ സാമ്പത്തിക സ്ഥിതിയോ ഏതു തരം റോഡ് എന്നതോ പ്രശ്നമല്ല. എല്ലാവർക്കും പദ്ധതിയുടെ പ്രയോജനം കിട്ടും.

സംസ്ഥാനത്ത് ഇനിമുതൽ വലിയ അപകടങ്ങൾ നടന്നാൽ മോട്ടോർ വാഹന വകുപ്പ് പോസ്റ്റ് ക്രാഷ് റിപ്പോർട്ട് തയ്യാറാക്കുമെന്ന് ജോൺ പറഞ്ഞു. ഭാവിയിൽ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളെടുക്കാനായി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സഹായിക്കും. അടുത്തിടെ കൊട്ടാരക്കര നടന്ന ടിപ്പർ ലോറി അപകടത്തിൽ പോസ്റ്റ് ക്രാഷ് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. മരണം സംഭവിക്കുന്ന അപകടങ്ങൾ മാത്രമല്ല, ആളുകൾക്ക് ഗുരുതരമായി പരിക്ക് പറ്റുന്ന അപകടങ്ങളിലും റിപ്പോർട്ട് തയ്യാറാക്കും.

സ്ഥിരം അപകടങ്ങൾ സംഭവിക്കുന്ന ബ്ലാക്ക് സ്‌പോട്‌സ് അപകടരഹിതമാക്കാൻ നടപടികളെടുക്കും. അവിടങ്ങളിൽ റോഡിന്റെ ആകൃതി മാറ്റുന്നത്, അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നത് എന്നിങ്ങനെയുള്ള നടപടികൾ കൈക്കൊള്ളും. വാഹനാപകടങ്ങൾ കുറയ്ക്കാനായി ബൃഹത്തായൊരു പ്രചരണ പരിപാടി സർക്കാർ തയ്യാറാക്കുകയാണ്. സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയിൽ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ പദ്ധതിയുടെ ഭാഗമാകും. ഒരു വർഷം ശരാശരി 4000ത്തിലധികം വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഇത് ആയിരമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

Similar News