സെന്‍സസ് ഒന്നാംഘട്ടം : സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു കൂടി

By :  Devina Das
Update: 2026-06-30 05:35 GMT

തിരുവനന്തപുരം: സെൻസസ് 2027 ഒന്നാംഘട്ടത്തിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾ ഓൺലൈനായി ഇന്നു കൂടി നടത്താം. https://se.census.gov.in/ പോർട്ടലിൽ ഇന്നു രാത്രി 12 വരെ വിവരങ്ങൾ നൽകാമെന്നു അധികൃതർ വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാടകയ്ക്കു താമസിക്കുന്നവർക്ക് വീടിന്റെ ഉടമസ്ഥർ അല്ലെന്നു വ്യക്തമാക്കാൻ ഓപ്‌ഷനുണ്ട്.

സ്ഥിര മേൽവിലാസം വേറെയാണെങ്കിലും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണു നൽകേണ്ടത്.

വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ H എന്നു തുടങ്ങുന്ന ഇംഗ്ലിഷ് അക്ഷരത്തിൽ തുടങ്ങി 11 അക്കങ്ങൾ ഉള്ള എസ്ഇ ഐഡി (സെൽഫ് എന്യൂമറേഷൻ ഐഡി) സൃഷ്ടിക്കപ്പെടും.

ഇത് എസ്എംഎസ്, ഇമെയിൽ എന്നിവ വഴി ലഭിക്കും. ഇതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുകയോ എഴുതി സൂക്ഷിക്കുകയോ വേണം.

സെൽഫ് എന്യൂമറേഷൻ നടത്താത്തവരുടെ വിവരങ്ങൾ വീട്ടിലെത്തുന്ന എന്യൂമറേറ്റർ ചോദിച്ചറിഞ്ഞു രേഖപ്പെടുത്തും. നാളെ മുതൽ ജൂലൈ 31 വരെയാണ് എന്യൂമറേറ്ററുടെ സന്ദർശനം.

എന്യൂമറേഷൻ നടപടികൾ എങ്ങനെ നടത്താം

ഡിജിറ്റൽ പോർട്ടലിൽ ലോഗിൻ ചെയ്ത് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. കാപ്ച കോഡ് നൽകി മുന്നോട്ടു പോവുക.

ഗാർഹിക രജിസ്‌ട്രേഷൻ നടത്തുമ്പോൾ കുടുംബനാഥന്റെ പേര് കൃത്യമായി നൽകണം. കുടുംബനാഥനായി കണക്കാക്കേണ്ടത് ആരെയാണെന്ന് അറിയാൻ ഈ ഫീൽഡിന് പകരം ഒരു ടൂൾടിപ്പ് സഹായകരമായി നൽകിയിട്ടുണ്ട്.ഒരിക്കൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഈ പേര് മാറ്റാൻ കഴിയില്ല. വീട്ടിലെ ഏതെങ്കിലും ഒരംഗത്തിന്റെ പേര് നൽകുക. ഒരു വീടിന് ഒരു മൊബൈൽ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ് വേഡ് അഥവാ ഒടിപി ലഭിക്കും. ഇത് നൽകി പരിശോധന പൂർത്തിയാക്കുക.

ജില്ല തെരഞ്ഞെടുത്ത ശേഷം പിൻ കോഡ് നൽകുക. തുടർന്ന് ഗ്രാമം അല്ലെങ്കിൽ ടൗൺ, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാൻഡ്മാർക്ക് എന്നിവയുടെ പേര് നൽകി സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.

ചുവന്ന മാർക്കറോട് കൂടിയ ഒരു ഇന്ററാക്ടീവ് മാപ്പ് സ്ക്രീനിൽ ദൃശ്യമാകും. ഈ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്താൻ ആ മാർക്കർ നിങ്ങളുടെ താമസസ്ഥലത്തേക്ക് കൃത്യമായി ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം സേവ് ആൻഡ് നെക്സ്റ്റ് ക്ലിക്ക് ചെയ്യുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ സാധൂകരിക്കുന്നതിനുള്ള ഒരു സ്ഥിരീകരണ സന്ദേശം കാണാം

ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെൻസസ് ചോദ്യാവലി എന്നിവ ഇവിടെ പൂരിപ്പിക്കേണ്ടതുണ്ട്. സംശയങ്ങളുള്ള ചോദ്യങ്ങൾക്ക് താഴെയുള്ള കുറിപ്പുകൾ, ടൂൾടിപ്പുകൾ, പതിവുചോദ്യങ്ങൾ എന്നിവ സഹായത്തിനായി ഉപയോഗിക്കാം.

വിഭാഗം തിരിച്ചുള്ള എല്ലാ ഡാറ്റയും പരിശോധിക്കാൻ പ്രിവ്യൂ സ്ക്രീൻ ഉപയോഗിക്കുക. ഈ ഘട്ടത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം. അവസാന തീയതിക്ക് മുൻപായി വിവരങ്ങൾ അന്തിമരൂപത്തിൽ സമർപ്പിക്കുന്നതിനായി നിലവിലെ വിവരങ്ങൾ ഡ്രാഫ്റ്റായി സേവ് ചെയ്യാനും സാധിക്കും.

നൽകിയ വിവരങ്ങളിൽ പൂർണ്ണ തൃപ്തി വന്നതിന് ശേഷം ഫൈനൽ സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താവിന് സാധിക്കില്ല.

ടോൾഫ്രീ 1855

എന്യൂമറേറ്റർമാർ എച്ച്എൽഒ ആപ് ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക. സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ടോൾ ഫ്രീ നമ്പറുണ്ട്: 1855

Similar News