ജലം നൽകിയില്ലെങ്കിൽ കൈ വെട്ടും'; സിന്ധു നദീജല കരാറില്‍ മുന്നറിയിപ്പുമായി പാകിസ്ഥാന്‍

By :  Devina Das
Update: 2026-06-30 05:25 GMT

ഇസ്ലാമബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയുമായി നിലനിൽക്കുന്ന തർക്കത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. കരാർ പ്രകാരം പാകിസ്ഥാന് അർഹതപ്പെട്ട ജലം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് പാകിസ്ഥാൻ മന്ത്രി മുസാദിക് മാലിക് പറഞ്ഞു. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂർണ്ണമായും തടയാനാകുമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രതികരണം.ഇന്ത്യ തങ്ങൾക്ക് അവകാശപ്പെട്ട ജലവിതരണം നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് മുസാദിക് മാലിക് പറഞ്ഞു. പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്ത്യൻ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജല അവകാശത്തിനുമേൽ ഏകപക്ഷീയമായ നിയന്ത്രണം കൈയാളുകളാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ ജലവിഹിതത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്നവരുടെ ആ കൈകൾ ഞങ്ങൾ വെട്ടിമാറ്റും.' അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാറിൽ ഇന്ത്യ നടത്തുന്ന ലംഘനങ്ങൾക്കെതിരെ യുഎൻ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ നേരത്തെ യുഎൻ സുരക്ഷാ കൗൺസിലിന് ഔദ്യോഗികമായി കത്തയച്ചിരുന്നു.നിലവിൽ കടുത്ത ജലക്ഷാമമാണ് പാകിസ്ഥാൻ നേരിടുന്നത്. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ 1960-ലെ സിന്ധു നദീജല കരാർ നിർത്തിവെച്ചത്. 26 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നാലെ ഉണ്ടായ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരരാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ വിശ്വസനീയവും മാറ്റമില്ലാത്തതുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്ക് മധ്യസ്ഥത വഹിച്ച ഈ കരാർ മരവിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. സിന്ധു നദീജല വ്യവസ്ഥയിലെ ജലം പങ്കിടുന്നത് നിയന്ത്രിക്കുന്ന ഈ കരാർ അനുസരിച്ച്, നദീതടത്തിലെ ഏകദേശം 80 ശതമാനം ജലവും പാകിസ്ഥാനാണ് ലഭിക്കുന്നത്. ഇത് പാകിസ്ഥാന്റെ കൃഷി, ജലസേചനം, വിപുലമായ സമ്പദ് വ്യവസ്ഥ എന്നിവയ്ക്ക് നിർണായകമാണ്. ജലമൊഴുക്കിൽ ഉണ്ടാകുന്ന ഏതൊരു തടസ്സവും നദീവ്യവസ്ഥയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ ഇന്ത്യയുടെ തീരുമാനത്തെ ആവർത്തിച്ച് എതിർത്തിട്ടുണ്ട്.

Similar News