സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിൽ ഫീസ് വർധനയ്ക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലെ ഫീസിൽ 5 ശതമാനം വർധന . ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചുള്ള വാർഷിക ഫീസ് വർധനയാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഈ വർധന നടപ്പായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തവണ 10% വർധനയാണ് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല.കോളജുകളിലെ ഫീസ് 5% വർധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇതിനായുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. അതെ സമയം, സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളജ് പ്രവേശനത്തിനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ സർക്കാർ നിശ്ചയിച്ച സമയക്രമം പാലിക്കാനായില്ല. ജൂൺ 30 മുതൽ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നായിരുന്നു മന്ത്രി റോജി എം. ജോൺ പറഞ്ഞത്.എന്നാൽ, ഇതുവരെ ഇതിനായുള്ള വിജ്ഞാപനം പോലും പുറത്തിറക്കാൻ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിനായിട്ടില്ല. സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളുടെ വാർഷിക ഫീസ് വർധന അംഗീകരിച്ച് കോളജുകളുമായി പ്രവേശന കരാർ ഒപ്പിടാൻ വൈകിയത് കാരണമാണ് വിജ്ഞാപനം വൈകിയത് എന്നാണ് വകുപ്പിന്റെ വിശദീകരണം.