'ഓപ്പറേഷന്‍ തൂഫാന്‍ സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയും;പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

By :  Devina Das
Update: 2026-07-02 05:21 GMT

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയുമാണെന്ന് വെള്ളപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ അഭിനന്ദനം അർഹിക്കുന്നതായും വെള്ളാപ്പള്ളി യോഗനാദത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.'കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാർത്ഥികളും യുവജനതയും ആൺ പെൺ വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തിൽ അകപ്പെടുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഈ വിപത്തുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ കണ്ട് മാതാപിതാക്കൾക്ക് നെഞ്ചിൽ തീയാണ്. ഇത് തിരിച്ചറിഞ്ഞാകണം സംസ്ഥാനത്ത് ചുമതലയേറ്റ വിഡി സതീശൻ സർക്കാരിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലഹരി മാഫിയയെ അടിച്ചൊതുക്കാൻ 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതി പ്രഖ്യാപിച്ചത്. അത് എന്തായാലും നല്ല കാര്യമായി. ജനങ്ങൾ ഏറെപ്രതീക്ഷയോടെയാണ് തൂഫാനെ കാണുന്നത്.

കോവിഡ് മഹാവ്യാധിക്ക് ശേഷമാണ് മറ്റൊരു മഹാവ്യാധിയെപ്പോലെ ഒരു തലമുറയെ ഇല്ലാതാക്കുന്ന തലത്തിലേക്ക് ലഹരി ഭീഷണി കേരളത്തെ ഗ്രസിച്ചത്. നാട്ടിൻ പുറങ്ങളിൽ വരെ ലഹരി മാഫിയ അഴിഞ്ഞാടുകയാണ്. സമർഥരായ വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്കെണികളിൽ പെടുത്തി മയക്കുമരുന്നുകൾക്ക് അടിമയാക്കി സാമ്പത്തിക ലാഭം കൊയ്യുന്ന അന്തർ ദേശിയ ബന്ധങ്ങളുള്ള സംഘങ്ങളാണ് ഇതിന് പിന്നിൽ. പുതിയ തലമുറയുടെ സ്വതന്ത്ര ജീവിത സ്വപ്‌നങ്ങളെ ചൂഷണം ചെയ്യാൻ ഇവർക്ക് എളുപ്പമാണ്. പൊലിസിന്റെയും എക്‌സൈസിന്റെയും പിടിയലകപ്പെടുന്ന പെൺകുട്ടികളുടെയും യുവാക്കളുടെയും പശ്ചാത്തലം അമ്പരിപ്പിക്കുന്നു.സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതിൽ സന്തോഷമുണ്ട്. അതിന് മുൻകൈ എടുത്തതിന് സർക്കാർ അഭിമാനം അഭിനന്ദനം അർഹിക്കുന്നു. ആഭ്യന്തരവകുപ്പും എക്‌സൈസ് വകുപ്പും സർക്കാർ ഒന്നാകെയും ഇതിന് വേണം. നല്ലത് ചെയ്താൽ നല്ലതെന്ന് പറയാനും തെറ്റ് ചെയ്താൽ ചൂണ്ടിക്കാട്ടാനും തെറ്റാണെന്ന് പറയാനുമുള്ള മനസാണ് ജനങ്ങൾക്ക് വേണ്ടത്. ഈ ദൗത്യം ഇടയ്ക്കിട്ട് പോകരുത്. കേരളത്തിന്റ രക്ഷയ്ക്ക് എസ്എൻഡിപി യോഗം പരിപൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണിത്. സർക്കാരിനൊപ്പം അണിനിരക്കാൻ എസ്എൻഡിപിയോഗം പ്രവർത്തകരും തയ്യാറാണ്. മറ്റ് സാംസ്‌കാരിക സാമൂഹ്യ സംഘടനകളും രാഷ്ട്രീയവും വിയോജിപ്പും മറന്ന് ഓപ്പറേഷൻ തൂഫാനൊപ്പം ചേരണം, ഒരു തലമുറയുടെ രക്ഷയ്ക്കായി ഒന്നിച്ച് നിന്ന് കൈകോർക്കാമെന്ന് വെള്ളാപ്പള്ളി പറയുന്നു.

Similar News