ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കും; ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവ്

By :  Devina Das
Update: 2026-07-02 12:05 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ തുടക്കവുമായി സര്‍ക്കാര്‍. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കല്‍, ശുചിത്വം, പൊതുസൗകര്യങ്ങള്‍, കാന്റീന്‍ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ വർധിപ്പിക്കുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

പ്രാദേശിക എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ഈ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രാദേശിക ലോകസഭാംഗം അല്ലെങ്കില്‍ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷന്‍ ( പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍) ഡിപ്പോ സ്ഥിതിചെയ്യുന്ന വാര്‍ഡ് മെമ്പര്‍, നിയമസഭയില്‍ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സി എം ഡി നാമനിര്‍ദ്ദേശം ചെയ്യുന്ന കെഎസ്ആര്‍ടിസിയുടെ ഒരു ഉദ്യോഗസ്ഥന്‍, എന്നിവര്‍ അംഗങ്ങളായിരിക്കും. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂള്‍ ബാങ്കില്‍ കണ്‍വീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരില്‍ അക്കൗണ്ട് തുറക്കും. പണമായോ ഫര്‍ണിച്ചര്‍ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകള്‍, സ്‌പോണ്‍സര്‍ഷിപ്പ്, സിഎസ്ആര്‍ തുക എന്നിവ സ്വീകരിക്കും. .

ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. യാത്രക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരിഗണിക്കുന്നതിനും ഡിപ്പോകളിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും വിവിധ മേഖലകളിലെ പ്രതിനിധികളെ ഏകോപിപ്പിക്കുന്ന ഒരു പൊതുവേദിയായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക.ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റിയിലൂടെ ഡിപ്പോകളുടെ ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ശുചിമുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങള്‍, കാന്റീന്‍ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യും. കൂടാതെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാനും കമ്മിറ്റി ലക്ഷ്യമിടുന്നു.

ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം, യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനാനുഭവം ഒരുക്കുന്നതിനും കെ.എസ്.ആര്‍.ടി.സിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിര്‍ണായകമായ ചുവടുവയ്പ്പാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണ്‍ പറഞ്ഞു .

Similar News