കേരളത്തില്‍ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസിന് ഇന്ന് തുടക്കം. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള, വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ ഇന്നു മുതൽ ലഭ്യമാകും. ഈ മാസം 30 വരെ ഓൺലൈനായി വിവരങ്ങൾ നൽകാം. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുക.പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. പൊതുജനങ്ങൾക്ക് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ വിവരങ്ങൾ സമർപ്പിക്കാം. ഇതിനായി se.census.gov.in എന്ന പോർട്ടലിൽ പ്രവേശിക്കണം. സ്വന്തം മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം.
തുടർന്ന് വീടിന്റെ ലൊക്കേഷൻ കൃത്യമായി അടയാളപ്പെടുത്തുമ്പോൾ, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ ഫോം സ്ക്രീനിൽ തെളിയും. ഈ ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒരു റഫറൻസ് നമ്പർ സന്ദേശമായി ലഭിക്കും. ഭാവി ആവശ്യങ്ങൾക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.നിലവിൽ വാടകയ്ക്ക് താമസിക്കുന്നവർ, അവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിക്കേണ്ടത്. ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്.ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും കേരളത്തിൽ നടക്കുക.