കാലാവസ്ഥ വ്യതിയാനം ;ഹിമാചലില്‍ ആപ്പിള്‍ ഉല്‍പ്പാദനം പകുതിയോളം കുറഞ്ഞു , വില കൂടിയേക്കും

By :  Devina Das
Update: 2026-07-06 09:38 GMT

ഷിംല: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ ആപ്പിൾ തോട്ടങ്ങൾ കടുത്ത പ്രതിസന്ധിയിലായി . കാലംതെറ്റി പെയ്ത മഴയും കനത്ത ആലിപ്പഴ വീഴ്ചയും കാരണം ഇത്തവണ ആപ്പിൾ ഉൽപ്പാദനം 40 ശതമാനത്തോളം കുറയാനുള്ള സാധ്യതയുണ്ട് .ഏകദേശം 5,000 കോടി രൂപയുടെ ബിസിനസ്സ് നടക്കുന്ന ഈ മേഖലയിൽ കർഷകർ വലിയ ആശങ്കയിലാണ്.

കഴിഞ്ഞ വർഷം 6.99 ലക്ഷം മെട്രിക് ടൺ ആപ്പിൾ ലഭിച്ചിടത്ത്, ഈ വർഷം അത് 4.36 ലക്ഷം മെട്രിക് ടണ്ണായി (ഏകദേശം 2.15 കോടി ബോക്‌സുകൾ) ചുരുങ്ങുമെന്നാണ് ഹോർട്ടികൾച്ചർ വകുപ്പ് പറയുന്നത്. ശൈത്യകാലത്ത് ആവശ്യത്തിന് മഞ്ഞ് പെയ്യാത്തതും വസന്തകാലത്ത് അപ്രതീക്ഷിതമായി പെയ്ത മഴയും ആലിപ്പഴ വർഷവും ആപ്പിൾ കൃഷിക്ക് വൻ തിരിച്ചടിയായി. ആഗോളതാപനം കാരണം ഹിമാലയൻ താഴ്വരയിലം താപനില 1 മുതൽ 1.5 ഡിഗ്രി വരെ കൂടി. ആപ്പിൾ നന്നായി വളരാൻ വേണ്ട തണുപ്പ് (ചില്ലിങ് അവേർസ്) ഇപ്പോൾ കിട്ടുന്നില്ല. വളം, കീടനാശിനികൾ, യന്ത്രങ്ങൾ എന്നിവയുടെ വില കൂടിയത് കർഷകർക്ക് ഇരട്ടി പ്രഹരമായി.

ആവശ്യത്തിന് ജലസേചന സൗകര്യങ്ങളില്ലാത്തതിനാൽ ഭൂരിഭാഗം പേരും ഇപ്പോഴും മഴയെയും കാലാവസ്ഥയെയും ആശ്രയിച്ചാണ് കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. ആപ്രിക്കോട്ട്, ചെറി, പ്ലം തുടങ്ങിയ മറ്റ് പഴങ്ങളുടെഉൽപ്പാദനത്തെയും കാലാവസ്ഥാ വ്യതിയാനം ദോഷകരമായി ബാധിച്ചിട്ടുണ്ട്. എല്ലായിടത്തും ജലസേചന സൗകര്യം എത്തിക്കണമെന്നും വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകണമെന്നുമാണ് ഇപ്പോൾ കർഷകർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

ഹിമാചലിൽ ആപ്പിൾ ഉൽപ്പാദനം കുറഞ്ഞാൽ അത് രാജ്യത്തെയാകെ ബാധിക്കുമെന്നതാണ് മറ്റൊരു യാഥാർഥ്യം. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഹിമാചലിൽ നിന്ന് ഉൾപ്പടെ ആപ്പിൾ എത്തുന്നുണ്ട്. ലഭ്യതക്കുറവുണ്ടായാൽ വിദേശത്തുനിന്നുള്ള ഇറക്കുമതിയെയും ആശ്രയിക്കേണ്ടി വരും. ഇത് ആപ്പിളിന്റെ ഡിമാൻഡും വിലയും കൂടാനും കാരണമാകും.

Similar News