മുംബൈ നഗരത്തിൽ വെള്ളക്കെട്ടും ഗതാഗത കുരുക്ക് രൂക്ഷം, സ്‌കൂളുകള്‍ക്ക് അവധി

By :  Devina Das
Update: 2026-07-06 09:08 GMT

മുംബൈ:  നഗരത്തിൽ മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ എട്ടുപേർ മരിച്ചു . ജനജീവിതത്തെ ഗുരുതരമായി ബാധിച്ചതോടെ മുംബൈ ഉൾപ്പടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.കനത്തമഴയെ തുടർന്ന് മഹാരാഷ്ട്രയിൽ ഉടനീളം റോഡ്, റെയിൽ, വ്യോമ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായ സാഹചര്യത്തിൽ പുനെ-മുംബൈ എക്‌സ്പ്രസ് വേയിലും പഴയ പുനെ-മുംബൈ ഹൈവേയിലും അധികൃതർ ഗതാഗതം നിർത്തിവെച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയിൽ നിലവിലുള്ള കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ഓഫീസുകളിലെ ജീവനക്കാർക്ക് സാധ്യമാകുന്നിടത്തെല്ലാം വർക്ക് ഫ്രം ഹോം അനുവദിക്കാനും അത്യാവശ്യമല്ലാത്ത സർക്കാർ ഓഫീസുകൾക്ക് പകുതി ദിവസം അവധി നൽകാനും നിർദേശിച്ചിട്ടുണ്ട്. നഗരത്തിലുടനീളം കനത്ത മഴ ജനജീവിതം തടസ്സപ്പെടുത്തുന്നത് തുടരുന്നതിനാൽ പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മുംബൈ, താനെ, പാൽഘർ, റായ്ഗഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ബോർ ഘട്ട് സെക്ഷനിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈയ്ക്കും പുനെയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചതായി സെൻട്രൽ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.ഞായറാഴ്ച പെയ്ത കനത്ത മഴയിൽ മുംബൈയിലെ മാൻഖുർദ് പ്രദേശത്ത് താമസക്കെട്ടിടം തകർന്ന് നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. ഇതിന് പുറമേ മഴക്കെടുതിയിൽ മറ്റു രണ്ടുപേർക്ക് കൂടി ജീവൻ നഷ്ടമായി. കഴിഞ്ഞ അഞ്ച് ദിവസമായി മുംബൈയിൽ അസാധാരണമാംവിധം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ജൂലൈ 1 മുതൽ സാന്താക്രൂസ് ഒബ്സർവേറ്ററിയിൽ 805.6 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് ജൂലൈയിലെ ശരാശരി മഴയുടെ 94 ശതമാനത്തോളമാണ്. അതേസമയം കൊളാബയിൽ ഇതിനകം തന്നെ പ്രതിമാസ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചു (744.2 മില്ലിമീറ്റർ). തുടർച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ വ്യാപകമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു.

Similar News