കോറോ ഹെൽത്തിൽ ഇന്നും ജീവനക്കാരുടെ പ്രതിഷേധം ശക്തം ;ഓഫീസിന് പുറത്ത് കുത്തിയിരുന്ന് തൊഴിലാളികൾ

By :  Devina Das
Update: 2026-07-06 09:23 GMT

കൊച്ചി: കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിൽ ലേ ഓഫ് പ്രഖ്യാപനത്തെത്തുടർന്നുണ്ടായ തൊഴിലാളി പ്രതിഷേധം ഇന്നും ശക്തമായി തുടരുന്നു. കമ്പനി അധികൃതർ യാതൊരുവിധ മുന്നറിയിപ്പും നൽകാതെ ഓഫീസിൽ കയറ്റാത്തതിനെ തുടർന്ന് നൂറുകണക്കിന് ജീവനക്കാരാണ് നിലവിൽ ഓഫീസിന് പുറത്ത് തടിച്ചുകൂടി നിൽക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ ഓഫീസിന് മുന്നിൽ തന്നെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന നിലപാടിലാണ് ജീവനക്കാർ.പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് ഗസ്റ്റ് ഹൗസിൽ വെച്ച് ചർച്ച നടത്തും. അതേസമയം, വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും ഈ മാസം 10-ന് കമ്പനി മാനേജ്മെന്റുമായി നേരിട്ട് ചർച്ച നടത്തുമെന്നും സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും അറിയിച്ചിട്ടുണ്ട്.കമ്പനിയിൽ നിന്നും എഴുന്നൂറിലധികം ജീവനക്കാരെയാണ് മുൻകൂർ നോട്ടീസും നൽകാതെ മാനേജ്മെന്റ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. ലേബർ വകുപ്പും സർക്കാരും ഇടപെട്ടതിനെ തുടർന്ന്, ഈ നടപടി തത്കാലത്തേക്ക് മരവിപ്പിക്കാമെന്ന് യു.എസ് ആസ്ഥാനമായുള്ള കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് ജീവനക്കാരെ പിരിച്ചുവിട്ടതായി മാനേജ്‌മെൻറ് അറിയിച്ചതും അവരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാത്തതും.ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ ജീവനക്കാർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമ്പോഴും കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള അറിയിപ്പും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് നടക്കുന്ന ലേബർ ഓഫീസറുടെ ചർച്ചയും വരാനിരിക്കുന്ന മന്ത്രിതല ചർച്ചയും നിർണ്ണായകമാകുന്നത്.

Similar News