സ്വർണ്ണപണയ സ്ഥാപനത്തിലെ തട്ടിപ്പ് ;വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചു

By :  Devina Das
Update: 2026-07-06 08:23 GMT

തിരുവനന്തപുരം: വെങ്ങാനൂരിലെ സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടർന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചു . ചാവടിനട സ്വദേശിനി ഐശ്വര്യയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയും വെങ്ങാനൂർ സ്വദേശിനിയുമായ അഞ്ജു കഴിഞ്ഞ ദിവസം മരണപ്പെട്ടു .കഴിഞ്ഞ ജൂൺ 30-നാണ് ഇരുവരും ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.വെങ്ങാനൂരിൽ പ്രവർത്തിക്കുന്ന 'സൂര്യ ഫിനാൻസ്' എന്ന സ്വകാര്യ പണയമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ (70 പവനിലധികം സ്വർണ്ണം) തിരിമറി സ്ഥാപനത്തിൽ നടന്നതായാണ് പ്രാഥമിക വിവരം. ജൂൺ 30-ന് വിഷം കലർത്തിയ ജ്യൂസ് കഴിച്ച ശേഷം ഐശ്വര്യ വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യുവതികൾ എഴുതിവെച്ച ആത്മഹത്യാ കുറിപ്പിന്റെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വിഴിഞ്ഞം പൊലീസ്, തട്ടിപ്പിന്റെ സൂത്രധാരയായ പനങ്ങോട് സ്വദേശി സിന്ധുവിനെ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്തു. പൊലീസ് വ്യക്തമാക്കുന്ന തട്ടിപ്പിന്റെ ചുരുക്കം ഇങ്ങനെയാണ് - സൂര്യ ഫിനാൻസിന്റെ വെവ്വേറെ ശാഖകളിൽ ജോലി ചെയ്തിരുന്ന അഞ്ജുവിനെയും ഐശ്വര്യയെയും സിന്ധു സ്വാധീനിക്കുകയായിരുന്നു. കുറഞ്ഞ പലിശനിരക്കുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ ഈ സ്വർണ്ണം വീണ്ടും പണയം വെക്കാമെന്നും, ഇതിലൂടെ വലിയ തുക കമ്മീഷനായി നൽകാമെന്നും സിന്ധു ഇവരെ വിശ്വസിപ്പിച്ചു.ഇതോടെ പണയം വെച്ചിരുന്ന 70 പവനിലധികം വരുന്ന സ്വർണ്ണാഭരണങ്ങൾ ഇരുവരും സിന്ധുവിന് കൈമാറി.പിന്നീട് പണയം വെച്ച സ്വർണ്ണം തിരികെ വാങ്ങാനായി ഉപഭോക്താക്കൾ കൂട്ടത്തോടെ സ്ഥാപനത്തെ സമീപിച്ചപ്പോഴാണ് മാനേജ്മെന്റ് തട്ടിപ്പ് വിവരമറിയുന്നത്. പരിഭ്രാന്തരായ അഞ്ജുവും ഐശ്വര്യയും സിന്ധുവിനെ സമീപിച്ച് സ്വർണ്ണം തിരികെ ആവശ്യപ്പെട്ടെങ്കിലും താൻ ആ സ്വർണ്ണമെല്ലാം വിറ്റു കഴിഞ്ഞുവെന്ന മറുപടിയാണ് സിന്ധു നൽകിയത്.സ്വർണ്ണം യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ കഴിയാതെ വന്നതോടെ ഇരുവരും കടുത്ത മാനസിക സമ്മർദ്ദത്തിലായി. തുടക്കത്തിൽ കടം വാങ്ങി ചിലരുടെ സ്വർണ്ണം ഇവർ തിരിച്ചേൽപ്പിച്ചെങ്കിലും കൂടുതൽ ഉപഭോക്താക്കൾ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ഇതോടെയാണ് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഇരുവരും ജ്യൂസിൽ വിഷം കലർത്തി കഴിച്ചത്.സിന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുമായി നിരവധി പേരാണ് വിഴിഞ്ഞം പൊലീസിനെ സമീപിക്കുന്നത്. പലരിൽ നിന്നായി കോടിക്കണക്കിന് രൂപയും സ്വർണ്ണവും ഇവർ സമാനമായ രീതിയിൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചനകൾ.ലഭിച്ച പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ സിന്ധുവിനെതിരെ കൂടുതൽ വഞ്ചനാക്കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സിന്ധുവിന് പിന്നിൽ സ്വകാര്യ പണമിടപാടുകാരോ ബ്ലേഡ് മാഫിയകളോ ഉണ്ടോയെന്നും പൊലീസിന് സംശയമുണ്ട്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Similar News