വിഴിഞ്ഞം ഓഹരി കൈമാറ്റം ; അദാനി ഗ്രൂപ്പിനെ നേരിട്ട് കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

By :  Devina Das
Update: 2026-07-03 04:50 GMT

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി പങ്കാളിത്തം കൈമാറുന്നതിന് അദാനി ഗ്രൂപ്പ് നടത്തുന്ന ഏകപക്ഷീയമായ നീക്കത്തിൽ സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്തി. മുൻകൂട്ടി സംസ്ഥാന സർക്കാരിനെ അറിയിക്കുകയോ ഒരുതരത്തിലും കൂടിയാലോചനകൾ നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ആഗോള ഭീമന്മാരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമുണ്ടായത്. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പും അതൃപ്തിയും മുഖ്യമന്ത്രി വിഡി സതീശൻ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‌മെന്റിനെ നേരിട്ട് അറിയിച്ചു.കേരളത്തിന്റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ്. ഈ കരാർ പ്രകാരം സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോട് കൂടി മാത്രമേ കൺസഷനറുടെ ഓഹരി ഘടനയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്താൻ പാടുള്ളൂ.

കരാർ വ്യവസ്ഥകൾ പരിശോധിക്കും; വിട്ടുവീഴ്ചയില്ല

അദാനി ഗ്രൂപ്പ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഹരി വിൽപന കരാറിന്റെ നിയമസാധുതകൾ പരിശോധിക്കാൻ റവന്യൂ-നിയമ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും പൂർണ്ണമായും കർശനമായി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും ഈ വിഷയത്തിൽ സർക്കാർ തങ്ങളുടെ ഔദ്യോഗികമായ തുടർ നിലപാട് സ്വീകരിക്കുക. കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ല .

Similar News