യൂസര്‍നെയിം ഫീച്ചര്‍;വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡൽഹി:മെസേജിങ് പ്ലാറ്റ്‌ഫോമുകളിലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പരിശോധന കർശനമാക്കുന്നു. വാട്‌സ്ആപ്പിന് നോട്ടീസ് നൽകിയതിന് പിന്നാലെ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു . യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇരു കമ്പനികളോടും ആവശ്യപ്പെട്ടു .
ടെലഗ്രാമിൽ നേരത്തെ തന്നെ യൂസർനെയിം സംവിധാനം നിലവിലുണ്ട്. അതേസമയം, സിഗ്‌നലിൽ ഈ സൗകര്യം ലഭ്യമാണെങ്കിലും അത് ഉപയോക്താക്കൾക്ക് നിർബന്ധിതമല്ല. ഫോൺ നമ്പർ സ്വകാര്യമായി സൂക്ഷിക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന യൂസർനെയിം സംവിധാനം ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ എന്നിവ വർധിപ്പിക്കുമെന്ന ആശങ്കയാണ് കേന്ദ്രം ഉയർത്തുന്നത്. പേരറിയാതെ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങൾ വർധിക്കുമെന്ന വിലയിരുത്തൽ നിലനിൽക്കുന്നു.
യൂസർനെയിം ഫീച്ചറിനെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാർ വാട്‌സ്ആപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഫീച്ചർ അവതരിപ്പിക്കരുതെന്നും സർക്കാർ വ്യക്തമാക്കി. മെറ്റയുടെ മറുപടിയും സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ ചർച്ചകളും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക.അതേസമയം, ആശങ്കകൾ പരിഹരിക്കുന്നതിനായി വിവിധ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. പൊതുപ്രവർത്തകർ, സർക്കാർ സ്ഥാപനങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവരുടെ പേരുകളും അതിനോട് സാമ്യമുള്ള പേരുകളും മറ്റാർക്കും ഉപയോഗിക്കാൻ കഴിയാത്ത വിധം സംരക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
വ്യാജ അക്കൗണ്ടുകൾ കണ്ടെത്താനും ദുരുപയോഗം തിരിച്ചറിയാനും പ്രത്യേക സംവിധാനങ്ങളുണ്ടെന്നും, പുതിയ അക്കൗണ്ടുകൾക്ക് ഒരേസമയം നിരവധി ആളുകളെ ബന്ധപ്പെടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മറ്റൊരാളുടെ യൂസർനെയിം കണ്ടെത്താനുള്ള ശ്രമങ്ങൾ തടയുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
ഇതിനിടെ, പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്നതിനായി 'അറട്ടൈ' പ്ലാറ്റ്‌ഫോമിലെ യൂസർനെയിം അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് സംവിധാനം പിൻവലിക്കുമെന്ന് സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.